Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Thursday, March 25, 2010

പട്ടി തൈ




ചേച്ചിയുടെ മകളാണ് കിങ്ങിണി . കിങ്ങിണി പഠിക്കുന്നത് LKG യില്‍ ആണെങ്കിലും സംസാരം M.S.C യുടെയാണ് .ഒരുദിവസം ഞാന്‍ ഉച്ചക്ക് ഊണു കഴിഞ്ഞു ഒന്ന് മയങ്ങാന്‍ കിടന്നതാണ് , കിങ്ങിണിയുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത് . സ്കൂളില്‍ നിന്ന് വന്ന കിങ്ങിണി ചേച്ചിയോട് പറയുന്നു " അമ്മേ നമ്മള്‍ക്ക് ഒരു പട്ടി തൈ വാങ്ങണം ". സംഭവം എന്താണന്നു മനസ്സിലാവാത്ത ചേച്ചിക്ക് കിങ്ങിണി വിശദീകരിച്ചു കൊടുക്കുന്നു "ഞങ്ങളുടെ സ്കൂളില്‍ നിന്നും വരുമ്പോള്‍ പച്ച നിറത്തില്‍ കാണുന്ന മതിലുള്ള വീടില്ലേ , അവിടെ ഒരു പട്ടി അതിന്റെ തൈയുമായി നില്‍ക്കുന്നു ,എന്തു രസമാ അതിനെ കാണാന്‍ നല്ല വൈറ്റ് കളര്‍ ,നമ്മള്‍ക്കും വാങ്ങാം ഒന്നിനെ ?". ചേച്ചി പറഞ്ഞു "മോളെ അത് പട്ടിതൈ അല്ല,അത് പട്ടി കുഞ്ഞാണ് ,അങ്ങനെയാണ് പറയുക".കിങ്ങിണി ആരാ മോള് " ഉം പിന്നെ ഈ അമ്മയ്ക്ക് ഒന്നുമറിയില്ല ,പിന്നെ അപ്പൂപ്പന്‍ എന്താ രാവിലെ തെങ്ങിന്‍തൈ വാങ്ങണം എന്നു പറഞ്ഞത് ,തെങ്ങിന്‍റെ കുഞ്ഞിനെ വേണം എന്നല്ലല്ലോ പറഞ്ഞത്, ഈ അമ്മ മണ്ടിയാ ".ഇതിനൊക്കെ എന്തു മറുപടി പറയും ....

(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )

Friday, March 12, 2010

രക്തസാക്ഷി



ഞാന്‍ പ്ലസ്ടുവിനു പഠിച്ചത് ഒരു ഗവണ്മെന്റ് ഗേള്‍സ് സ്കൂളില്‍ ആയിരുന്നു .അവിടെ പത്താംക്ലാസ് വരെയുള്ള ടീച്ചര്‍മാരും പ്ലസ്‌ടുവിന്റെ ടീച്ചര്‍മാരും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു .ഞാന്‍ പഠിച്ച വര്‍ഷം സ്കൂള്‍ യുവജനോല്‍സവത്തിനുള്ള സമയം ,മത്സരം നടത്താനുള്ള സ്റ്റേജിന്‍റെ ലൊക്കെഷനായിരുന്നു ടീച്ചര്‍മാര്‍ക്ക് അടികൂടാനുള്ള അടുത്ത കാരണം.സ്ക്കൂളിലേക്ക് കടക്കുമ്പോള്‍ ഗേറ്റ് കഴിഞ്ഞു മതിലിനോട് ചേര്‍ന്നാണ് സ്കൂള്‍ ആഡിറ്റൊരിയം, പ്ലസ്ടു ടീച്ചര്‍മാര്‍ക്ക് കലാപരിപാടികള്‍ അവിടെ വേണമെന്നും , അതല്ല അവിടെ കലാപരിപാടികള്‍ നടത്തിയാല്‍ പുറത്തുനിന്നുള്ളവര്‍ അകത്തു കടക്കുമെന്നും അതിനാല്‍ ക്ലാസുകള്‍ നടക്കുന്ന ഹാളില്‍ പരിപാടികള്‍ നടത്താം എന്ന് എതിര്‍ഭാഗവും തര്‍ക്കിച്ചു.എന്തായാലും ഭുരിപക്ഷ അഭിപ്രായം മാനിച്ച് അത്തവണത്തെ കലാപരിപാടികള്‍ ഹാളിലേക്ക് മാറ്റി.ഹാളിന്റെ ഒരു വശത്ത് ബെഞ്ചുകള്‍ ഇട്ടു ഒരു സ്റ്റേജ് നിര്‍മ്മിച്ചു.
പെണ്‍കുട്ടികള്‍ മാത്രമുള്ള സ്കൂള്‍ ആയതിനാല്‍ കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആര്‍ക്കും ഒരു മടിയുമില്ല, ആരു എന്ത് കോപ്രായം കാണിച്ചാലും (അതില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു ) വലിയ കുഴപ്പമൊന്നുമില്ല .ഞങ്ങള്‍ മൂന്നു കൂട്ടുകാര്‍ (ശ്രീലേഖ , ലക്ഷ്മി ,ഞാന്‍ ) സിനിമാറ്റിക് ഡാന്‍സിന് പേര് കൊടുത്തു . ആ മഹാ സംഭവം നടന്ന ദിവസം വന്നെത്തി .രാവിലെ കുളിച്ചു സുന്ദരിയായി (കുളിച്ചില്ലങ്കിലും സുന്ദരി തന്നെയാണ് ഇല്ലങ്കില്‍ എന്‍റെ അമ്മയോട് ചോദിക്ക്) സ്കൂളില്‍ എത്തി .ഡാന്സ്സിനു വേണ്ട ഡ്രെസ്സ്കളും മേക്ക്അപ്പും ഇട്ടു ഞങ്ങള്‍ കൂടുതല്‍ സുന്ദരികളായി .പഞ്ചാബി ഹൌസിലെ ഒരു പാട്ടായിരുന്നു ഞങ്ങള്‍ ഡാന്‍സിന് തിരഞ്ഞെടുത്തിരുന്നത് .
അങ്ങനെ ഞങ്ങളുടെ ചെസ്റ്റ്‌ നമ്പര്‍ വിളിച്ചു , ബെല്ലാ ബെല്ലാ ബെല്ലാരെ പാട്ട്‌ തുടങ്ങി കൂട്ടത്തില്‍ ഞങ്ങളുടെ ഡാന്‍സും .ഞങ്ങളുടെ ഡാന്സു കണ്ടു എല്ലാവരും ഞെട്ടി,അപ്പോളാണ് അതിലും വലിയ ഒരു ഞെട്ടല്‍ എനിക്കുണ്ടായത് .സംഗതി എന്താച്ചാല്‍ നടുക്ക് നിന്ന് ഡാന്സു കളിച്ചിരുന്ന എന്‍റെ ഒരുകാല് ബെഞ്ചുകളുടെ വിടവിലൂടെ താഴേക്ക്‌ പോയി. പ്രേക്ഷകര്‍ ഇപ്പോള്‍ കാണുന്നത് രണ്ടു പേര്‍ തകര്‍ത്തു ഡാന്സുചെയുകയും നടുക്കുനിന്ന ഞാന്‍ കെമസ്ട്രി ബുക്ക് പോയ അണ്ണാനെ പോലെ വായും പൊളിച്ചു നില്‍ക്കുന്നതുമാണ്...
അതോടുകൂടി ടീച്ചര്‍മാര്‍ കോംപ്രമൈസ് ആയി. പിന്നീട് വന്ന യുവജനോത്സവങ്ങള്‍ ആഡിറ്റൊരിയത്തില്‍ തന്നെ നടത്താന്‍ തുടങ്ങി

(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )