
ഞാന്‍ പ്ലസ്ടുവിനു പഠിച്ചത് ഒരു ഗവണ്മെന്റ് ഗേള്‍സ് സ്കൂളില്‍ ആയിരുന്നു .അവിടെ പത്താംക്ലാസ് വരെയുള്ള ടീച്ചര്‍മാരും പ്ലസ്ടുവിന്റെ ടീച്ചര്‍മാരും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു .ഞാന്‍ പഠിച്ച വര്‍ഷം സ്കൂള്‍ യുവജനോല്‍സവത്തിനുള്ള സമയം ,മത്സരം നടത്താനുള്ള സ്റ്റേജിന്റെ ലൊക്കെഷനായിരുന്നു ടീച്ചര്‍മാര്‍ക്ക് അടികൂടാനുള്ള അടുത്ത കാരണം.സ്ക്കൂളിലേക്ക് കടക്കുമ്പോള്‍ ഗേറ്റ് കഴിഞ്ഞു മതിലിനോട് ചേര്‍ന്നാണ് സ്കൂള്‍ ആഡിറ്റൊരിയം, പ്ലസ്ടു ടീച്ചര്‍മാര്‍ക്ക് കലാപരിപാടികള്‍ അവിടെ വേണമെന്നും , അതല്ല അവിടെ കലാപരിപാടികള്‍ നടത്തിയാല്‍ പുറത്തുനിന്നുള്ളവര്‍ അകത്തു കടക്കുമെന്നും അതിനാല്‍ ക്ലാസുകള്‍ നടക്കുന്ന ഹാളില്‍ പരിപാടികള്‍ നടത്താം എന്ന് എതിര്‍ഭാഗവും തര്‍ക്കിച്ചു.എന്തായാലും ഭുരിപക്ഷ അഭിപ്രായം മാനിച്ച് അത്തവണത്തെ കലാപരിപാടികള്‍ ഹാളിലേക്ക് മാറ്റി.ഹാളിന്റെ ഒരു വശത്ത് ബെഞ്ചുകള്‍ ഇട്ടു ഒരു സ്റ്റേജ് നിര്‍മ്മിച്ചു.
പെണ്‍കുട്ടികള്‍ മാത്രമുള്ള സ്കൂള്‍ ആയതിനാല്‍ കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആര്‍ക്കും ഒരു മടിയുമില്ല, ആരു എന്ത് കോപ്രായം കാണിച്ചാലും (അതില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു ) വലിയ കുഴപ്പമൊന്നുമില്ല .ഞങ്ങള്‍ മൂന്നു കൂട്ടുകാര്‍ (ശ്രീലേഖ , ലക്ഷ്മി ,ഞാന്‍ ) സിനിമാറ്റിക് ഡാന്‍സിന് പേര് കൊടുത്തു . ആ മഹാ സംഭവം നടന്ന ദിവസം വന്നെത്തി .രാവിലെ കുളിച്ചു സുന്ദരിയായി (കുളിച്ചില്ലങ്കിലും സുന്ദരി തന്നെയാണ് ഇല്ലങ്കില്‍ എന്റെ അമ്മയോട് ചോദിക്ക്) സ്കൂളില്‍ എത്തി .ഡാന്സ്സിനു വേണ്ട ഡ്രെസ്സ്കളും മേക്ക്അപ്പും ഇട്ടു ഞങ്ങള്‍ കൂടുതല്‍ സുന്ദരികളായി .പഞ്ചാബി ഹൌസിലെ ഒരു പാട്ടായിരുന്നു ഞങ്ങള്‍ ഡാന്‍സിന് തിരഞ്ഞെടുത്തിരുന്നത് .
അങ്ങനെ ഞങ്ങളുടെ ചെസ്റ്റ് നമ്പര്‍ വിളിച്ചു , ബെല്ലാ ബെല്ലാ ബെല്ലാരെ പാട്ട് തുടങ്ങി കൂട്ടത്തില്‍ ഞങ്ങളുടെ ഡാന്‍സും .ഞങ്ങളുടെ ഡാന്‍സു കണ്ടു എല്ലാവരും ഞെട്ടി,അപ്പോളാണ് അതിലും വലിയ ഒരു ഞെട്ടല്‍ എനിക്കുണ്ടായത് .സംഗതി എന്താച്ചാല് നടുക്ക് നിന്ന് ഡാന്‍സു കളിച്ചിരുന്ന എന്റെ ഒരുകാല് ബെഞ്ചുകളുടെ വിടവിലൂടെ താഴേക്ക് പോയി. പ്രേക്ഷകര്‍ ഇപ്പോള്‍ കാണുന്നത് രണ്ടു പേര് തകര്‍ത്തു ഡാന്സുചെയുകയും നടുക്കുനിന്ന ഞാന്‍ കെമസ്ട്രി ബുക്ക് പോയ അണ്ണാനെ പോലെ വായും പൊളിച്ചു നില്‍ക്കുന്നതുമാണ്...
അതോടുകൂടി ടീച്ചര്മാര് കോംപ്രമൈസ് ആയി. പിന്നീട് വന്ന യുവജനോത്സവങ്ങള്‍ ആഡിറ്റൊരിയത്തില്‍ തന്നെ നടത്താന്‍ തുടങ്ങി
(ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ )